Monday 3 December 2012

കറവപ്പശു







                                                                 
                       ( നവംബര്‍ മാസം ഇ മഷി ഓണ്ലൈന്‍ മാസികയില്‍ പ്രസിദ്ധീകരിച്ചത്  ) 
                                                       

                                                       



തവിടും പിണ്ണാക്കും, ‘ഇളം പുല്ലും, മാത്രം . കൊടുത്തു നന്നായി പോറ്റി വളര്‍ത്തിയ അയല്‍ക്കാരന്റെ കന്നൂട്ടിയെ (പശുക്കുട്ടി)വില്‍ക്കാനുന്ടെന്നു കേട്ടപ്പോള്‍ ഉമ്മാക് ഒരാശ ...........നമുക്ക് വാങ്ങിയാലോ ?

ഉമ്മാന്റെ ആശ മൂത്തപ്പോഴാണ് ആ പശു എന്റെവീട്ടില്‍ എത്തിയത് .ഈ കാലം കൊണ്ട് അവളുടെ അഞ്ചു പേറ്‌ എങ്കിലും വീട്ടിലെ ആലയില്‍ കഴിഞ്ഞു .

അപ്പോഴേക്കും മാറ്റങ്ങള്‍ ഒരുപാട് വീട്ടിലും നാട്ടിലും ഉണ്ടായി .

.ഒപ്പം ഉമ്മാന്റെ ആരോഗ്യത്തിലും .

വല്ല മങ്ങോ പുല്ലോ കിളിച്ചു വളര്‍ന്നിരുന്ന വയല്‍ വരമ്പുകളൊക്കെ വീടുകള്‍ക്ക് വഴിമാറി .കാലിത്തീറ്റക്കും വൈക്കോലിനും ഒക്കെ തീ പിടിച്ച വില .

“”എനി കൊണ്ട് നടക്കാന്‍ കഴിയില്ല “”......... ആര്ക്കെങ്കിലും നമുക്കിതിനെ വില്‍ക്കാം 

ഉമ്മ വാപ്പയോട് പറയാന്‍ തുടങ്ങിയിട്ട് നാള് ഒത്തിരിയായി.പക്ഷെ ഉമ്മാന്റെ കണ്ടീഷന്‍ വെച്ച് പശുവിനെ വാങ്ങാന്‍ ആരെ കിട്ടും ?????????

ഉമ്മാന്റെ കണ്ടീഷന്‍ ഇതായിരുന്നു ...........ഇറച്ചിക്കാര്‍ക്ക് കൊടുക്കരുത് .........

പെറ്റ് പെറ്റ് ......കറന്ന് കറന്ന് ......വാരിയെല്ലും പുറം ചട്ടയും കാഴ്ചയായി പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഈ കിഴവി പശുവിനെ വളര്‍ത്തുവാനായി ആരു വാങ്ങാന്‍ ?

ഇത്രയും കാലം സൂക്ഷിച്ച് സ്നേഹിച്ച് വളര്‍ത്തിയ പശുവിനെ ,ഉമ്മ ഞങ്ങള്‍ മക്കളെ പോലെയാണ് കണ്ടിരുന്നത് .കുടുമ്പ വീടുകളില്‍ വിരുന്നു പോയാല്‍ ഉമ്മാക്ക് ഇരിക്കപ്പൊറുതി ഉണ്ടാവില്ല .............

.ന്‍റെ പയ്യി..........അതിന്നു പട്ടിണിയാണല്ലോ പടച്ചോനേ.....................ഉമ്മ പിറുപിറുക്കും 

ആ പശുവിനെ ഉമ്മ എങ്ങിനെ അറവുകാര്‍ക്ക് വില്‍ക്കും ..............??????????

ഞാനന്ന് ഓട്ടോ ഡ്രൈവറാണ്, പാസ്പോര്‍ട്ടു കൊപ്പിയൊക്കെ ഗള്‍ഫിലേക്ക് അയച്ച്...........................

.”വിസക്ക് കൊടുത്തിട്ടുണ്ട്‌ അടുത്ത് തന്നെ കിട്ടും “.........

.എന്ന ഗള്‍ഫ്‌ സ്വപ്പ്നം നെഞ്ചേറ്റി നടക്കുന്നവന്റെ വാചകടിയുമായി നടക്കുകയാണ് .എങ്ങിനെയെങ്കിലും ഇവിടന്നു കയിച്ചലാവണം..........നാല് മുക്കാല് സംമ്പാതിക്കണമെങ്കില്‍ ഗള്‍ഫില്‍ പോണം ......ഇതൊക്കെയായിരുന്നു ചിന്ത .

അന്ന് രാത്രി പശുവിനെ വില്‍ക്കാന്‍ ആളെ ഒത്തുകിട്ടി എന്ന വാര്‍ത്തയുമായാണ് വാപ്പ വീട്ടിലേക്കു വന്നത് .വില്‍പ്പന ഇറച്ചിക്കാര്‍ക്ക് തന്നെ .....

സങ്കടപ്പെട്ടാണെങ്കിലും അതിനെ കൊണ്ടുനടക്കാന്‍ ആവതില്ലാ എന്നാ തോന്നല്‍ ഉമ്മാനെ ഇങ്ങനെ ചിന്തിപ്പിച്ചു .......

..ആര്‍ക്കാണെങ്കിലും വേണ്ടില്ല ..........എനിക്ക് കയ്യൂല .എനി അതിനെ കൊണ്ട് നടക്കാന്‍ .

അടുത്ത ദിവസം കച്ചവടക്കാര്‍ വന്നു പശുവിനെ കണ്ടു ,മനസുകൊണ്ട്‌ അതിന്‍റെ ഇറച്ചി തൂക്കി വില ഉറപ്പിച്ചപ്പോഴാണ്‌ പശുവിനോടുള്ള ഉമ്മാന്റെ സ്നേഹം അണപോട്ടിയത് .

അടുത്ത ദിവസം കൊണ്ടുപോകാമെന്നു പറഞ്ഞു കച്ചവടക്കാര്‍ പോയപ്പോള്‍ മുതല്‍ ഉമ്മ പശുന്റെ അടുത്ത് നിന്നും മാറുന്നില്ല .ഘനീഭവിച്ച മുഖവുമായി നിറഞ്ഞ കണ്ണോടെ ഉമ്മ പശുവിനെയും നോക്കി നില്‍ക്കും …..പശു ഉമ്മാനെയും ....

എന്താ കദീശുമ്മോ.............ഒരു സങ്കടം ?

എന്ന ഭാവത്തില്‍ ...........

എന്തോ പന്തികേട് ഉണ്ടെന്നു ആ പാവം മൃഗത്തിനും മനസിലായി 
ഈ സ്നേഹവീട്ടില്‍ നിന്നും എന്നെന്നേക്കുമായി പടിയിറങ്ങേണ്ടി വരും എന്ന തോന്നലാണോ ?

അത് മുക്കുകയും മുരളുകയും ചെയ്യുമ്പോള്‍ ഉമ്മാന്റെ കണ്ണ് നിറയും .
അതിന്‍റെ ഭാഷ ഉമ്മാക്ക് മനപ്പാടമാണ് .

അത് പുല്ലുവേണമെന്നുപറയും , ആലയില്‍ നിന്ന് ഒന്ന് കഴിച്ചു കെട്ടുമ്മാ .........എന്ന് പറയും .........കാടി കലക്കി കൊടുത്താല്‍ പിണ്ണാക്ക് പോരെങ്കില്‍ അത് മുഖം തിരിക്കും .

അപ്പോള്‍ ഉമ്മ പറയും .............അത് പോട്ടെ മോളെ ,ഉള്ളത് കുടിക്കാന്‍ നോക്ക് .........നിന്റെ പാലുകൊണ്ടോന്നും പിണ്ണാക്ക് വേവൂല ........

ഒരു അനിഷ്ടത്തോടെ ആണെങ്കിലും ഉള്ളത് വലിച്ചു കുടിക്കും .

പശുവിന്‍റെ മൂട്ടില്‍ നിന്നും വീഴുന്ന ചാണകത്തിന്റെ രൂപവും ഭാവവും നോക്കി അതിന്‍റെ അസുഖം കണ്ടു പിടിക്കാന്‍ വാപ്പാക്കും ഉമ്മാകും ഒരു പ്രത്യേക കഴുണ്ടായിരുന്നു .

ആ പശുവാല്‍ വെറുക്കപ്പെട്ടവനായി വീട്ടിലുള്ളത് ഈയുള്ളവന്‍ മാത്രമായിരുന്നു .എന്റെ കയ്യില്‍ നിന്നും ഒരു പിടി പുല്ലുപോലും കിട്ടില്ല.പക്ഷേ .........എനിക്ക് പാല് കുടിക്കണം ,കരിവ്പ്പിലയും പച്ചമുളകും വെളുത്തുള്ളിയും അരച്ച് ചേര്‍ത്ത മോര് കുടിക്കണം .എന്‍റെ ഡാലിയ ചെടിയിലെ പൂവ് വിരിയണമെങ്കില്‍ ഇവളുടെ ചാണകം വേണം .

ചാണക മെടുക്കാന്‍ ആലയുടെ പിറകു വശത്തേക്ക് ഞാന്‍ ചെല്ലുമ്പോള്‍ 

‘’നന്ദിയില്ലാത്ത ഹമുക്കെ’’ .........നിന്നെ ഞാന്‍ .............

എന്ന ഒരു മുരള്ചയോടെ കാലുകൊണ്ട് തോഴിക്കാന്‍ നോക്കും .നടയിലൂടെ നടന്നു ഇവളുടെ അടുത്തെത്തിയാല്‍ ഒരു മുരളലും ഒരു ഞെളിയലും ഒക്കെയായി എന്നോടുള്ള പ്രതിഷേധം പ്രകടിപ്പിക്കും .......

മനോഹരങ്ങളായ കൊമ്പുകല്‍ക്കിടയില്‍ തെളിഞ്ഞ് നില്‍ക്കുന്ന നെറ്റിയിലെ വെള്ള പൊട്ടു കണ്ടാല്‍ പലരും പറയും .........നല്ല ഐശ്വര്യമുള്ള പശു ........ എന്ന് . 

പക്ഷെ ഞാന്‍ കണ്ട ഐശ്വര്യം അതിന്‍റെ കാലുകല്‍ക്കിടയിലെ ,അണക്കെട്ട് കണക്കെ .ഇപ്പൊ പൊട്ടും എന്നപോലെയുള്ള......... പാല് കൊണ്ട് സമൃദ്ധമായായ അകിടായിരുന്നു .........

പശുവിനെ കൊണ്ടുപോകാന്‍ ആളു വന്ന പ്പോള്‍ഉമ്മ ഒരു ബക്കറ്റ് കാടി വെള്ളം ആലയില്‍ വെച്ച്കൊടുത്തു , നീ പൊയ്ക്കോ .........നീ ഇറങ്ങിപ്പോകുന്നത് കാണാനുള്ള കെല്‍പ്പ് എനിക്കില്ല .

ആതിന്റെ നെറ്റിയില്‍ ഒന്ന് തടവിനിറഞ്ഞ കണ്ണുമായി ഉമ്മ അടുക്കള ഭാഗത്തേക്ക് .............മുങ്ങി .

കാശ് കൊടുത്ത് പശുവിനെ ആലയില്‍ നിന്ന് കഴിക്കുന്നതിനു മുമ്പ് ..........കയറിന്റെ പൈസ (ചിലയിടങ്ങളില്‍ പോറ്റുകൂലി എന്ന് പറയും .........ഇതൊരു മാമൂലാണ് ) കൊടുക്കാന്‍ അവര്‍ ഉമ്മയെ അന്യെഷിച്ചു .

ഉമ്മ ഉമ്മറത്തേക്ക് വന്നില്ല .........വാപ്പ പോറ്റുകൂലി വാങ്ങി .

പോറ്റു കൂലിയില്‍ നിന്നും ചില്ലറ ഞാന്‍ ചോദിച്ചപ്പോള്‍ ,വാപ്പ പറഞ്ഞു 

ആര്‍ക്കു കൊടുത്താലും നിനക്ക് തരില്ല .........ആ പശുവിന്റെ ആത്മാവ് അത് പൊറുക്കില്ല ............

അപരിചിതരായവര്‍ പശുവിനെ ആലയില്‍ നിന്ന് കയിച്ചപ്പോള്‍ .......പശു അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി .അത് ഉമ്മയെ നീട്ടി വിളിച്ചു ............ഉമ്പേ .................ഉമ്പേ ........


ആ നിലവിളി ചെന്ന് പതിച്ചത് ഉമ്മാന്റെ ഖല്ബിലായിരുന്നു .

ഉമ്മ സര്‍വം സഹയാണല്ലോ ? 

നടയിലൂടെ ഇടവഴിയിലെക്കിറങ്ങാനുള്ള കോണി എത്തും വരെയുംവീട്ടില്‍ നിന്നും ഇറങ്ങി പോകുന്ന ഒരു ഗള്‍ഫ്‌ യാത്രക്കാരനെ പോലെ ..........ആ പശുവിന്‍റെ നെഞ്ചു വിങ്ങുന്നുണ്ടായിരുന്നു .

പുല്ലു തിന്നു വയറ്‌ നിറയെ വെള്ളവും കുടിച്ചു ............തേട്ടിയരച്ചു കിടന്നു വിശ്രമിക്കാറുണ്ടായിരുന്ന ആ പ്ലാവിന്‍ ചുവട്ടിലേക്ക് നോക്കി ദയനീയമായി ആ സാധു മൃഗം കരഞ്ഞു .........ഉമ്പേ ..ഉമ്പേ .............

ഉമ്മാന്റെ വിഷമം തെല്ലൊന്നടങ്ങിയത് പിറ്റേ ദിവസം എന്‍റെ വിസ കിട്ടിയെന്ന വാര്‍ത്തയുമായി ജ്യേഷ്ഠന്‍ വിളിച്ചപ്പോഴാണ് .

ഈ വീട്ടില്‍ നിന്നും ഒരു പടിയിറക്കതിനുള്ള കച്ചവടം അബുദാബിയില്‍ ഉറപ്പിച്ചു കഴിഞ്ഞു .

ഞാന്‍ വിസ കിട്ടിയതിലുള്ള സന്തോഷത്തിലാണ് .പക്ഷെ ഓരോ ദിവസം കഴിയുംമ്പോളും മനസ്സില്‍ വല്ലാത്ത ചിന്തകള്‍ കടന്നു കൂടുകയാണ് .സ്വാതന്ത്രിയത്തിന്‍റെ നാളുകള്‍ എണ്ണപ്പെടുകയാണ് .ഈ വീടും അയല്‍ക്കാരും ,ഈ തണലും രാത്രിയിലെ കുളിര്‍ കാറ്റും ,ഓട്ടോ സ്റ്റാന്റും സ്നേഹ വൃന്ദങ്ങളും എല്ലാം .....എല്ലാം വിട്ട് ഒരു യാത്ര .

ഒരു ഭാഗത്ത്‌ നഷ്ടപ്പെടാനുള്ള ഇഷ്ടങ്ങളുടെ നഷ്ട കണക്കുകള്‍ ,

മറുഭാഗത്ത്‌ നേട്ടങ്ങളുടെ ആശകള്‍ നല്‍കുന്ന അതി ശക്തമായ പ്രേരണ .

പോകാനുള്ള ദിവസം അടുത്ത് വന്നു .

ഉമ്മ എന്‍റെ പിന്നാലെയാണ് .എന്‍റെ ഇഷ്ടങ്ങള്‍ അറിഞ്ഞു എന്നെ സന്തോഷിപ്പിക്കുവാന്‍ ഉള്ള ഒരവസരവും ഉമ്മ ചുമ്മാ കളയുന്നില്ല .ഉമ്മാന്റെ സന്തോഷം സങ്കടങ്ങള്‍ക്ക് മെല്ലെ വഴി മാറി .

എന്തെങ്കിലും കഴിക്കാനിരുന്നാല്‍ ഉമ്മ അത്കഴിച്ച് തീരും വരെ എന്നെയും നോക്കി നില്‍ക്കും .എന്‍റെ വിഷമം അളക്കുവാന്‍ എന്ന പോലെ .

ഈ ടെന്‍ഷനുകള്‍ ക്കിടയിലും ഞാന്‍ “ഗള്ഫുകാരന് “പഠിക്കുകയാണ് .യാത്ര പറയാന്‍ പോകുമ്പോഴൊക്കെ ഇന്‍ സൈട് ചെയ്യാത്ത ഞാന്‍ ...

.ഷര്‍ട്ട് പാന്റിന്റെ ഉള്ളിലേക്ക് തിരികി കയറ്റിയാലോ.........

എന്നൊക്കെ ചിന്തിച്ചു പോവുകയാണ് .ചില ഗമ യൊക്കെ ഞാനറിയാതെ തന്നെ എന്നിലേക്ക് ബാധിച്ചിരിക്കുന്നു ...........ആ നടത്തവും സംസാരവും ഒക്കെ .........

അങ്ങിനെ ആ ദിവസം വന്നെത്തി .

നന്ന രാവിലെയാണ് യാത്ര .എന്‍റെ വന്‍ കുടലുകള്‍ക്കിടയില്‍ എവിടെയോ ഒരു ദിനേശു ബീടിയിലെന്ന പോലെ ഒരു ചെറിയ കനല്‍ എരിയുന്നു .....ഒരു വല്ലാത്ത വിങ്ങല്‍ .

കുളിക്കാന്‍ പോകുന്നതിനു മുമ്പായി ഉമ്മ ...........******ഒരു ബാക്കെറ്റ്‌ കാടി വെള്ളം******* .......................അല്ല ഒരു ഗ്ലാസ്‌ വെള്ളം തന്നിട്ട് നിറഞ്ഞ കണ്ണോടെ പറഞ്ഞു. ..

ഇത് കുടിച്ചോ .........ഇറങ്ങി പോകുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒന്നും നോക്കരുത് ............പറച്ചില്‍ ഒരു തേങ്ങലായി മാറി ....എന്‍റെ കൈ പിടിച്ചു മുത്തിയിട്ടു ..ഉമ്മ അടുക്കളയിലേക്കു മറഞ്ഞു .

എയര്‍പോര്‍ട്ടിലേക്ക് എന്നെ യാത്രയയക്കാന്‍ പ്രമുഖര്‍ എത്തിയിരിക്കുന്നു .
അളിയന്‍ ,.അമ്മാവന്‍ ,,അയല്‍ക്കാര്‍ ,ചില സുഹുര്‍ത്തു ക്കള്‍ 

അന്നൊക്കെ ആദ്യമായി ഗള്‍ഫ്‌ യാത്രക്ക് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കുട്ടികള്‍ക്കൊക്കെ ചില്ലറ തുട്ട് കൊടുക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു .

കഴുത്തില്‍ കയറില്ലാതെ പോറ്റിയത് കൊണ്ട് ആ മാമൂലിനു “കയറിന്റെ പൈസ “എന്നാ പേര് വീണില്ല.അത്ര മാത്രം .

ഒരു മൃഗമാണെന്കിലും ആ പശു താന്‍ വളര്‍ന്ന വീട്ടില്‍ നിന്നും ഇറങ്ങിപോകുംപോള്‍ അനുഭവിച്ച ഹൃദയ നൊമ്പരം ...............ഞാന്‍ അനുഭവിച്ചറിയുകയായിരുന്നു.

എല്ലാവരുടെയും നോട്ടം എന്നില്‍ തന്നെ .........

ആരുടേയും മുഖത്ത് നോക്കാന്‍ ഞാന്‍ കേല്പ്പില്ലാത്തവനായി .

എന്നാലിറങ്ങാം ................

കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടിയും ,കൈ ബാഗും എടുത്തു അളിയന്‍ മുറ്റത്തേക്കിറങ്ങി .കഴിഞ്ഞ ദിവസം വീട് വിട്ടു ഇറങ്ങി പോകേണ്ടിവന്ന പശുവിന്റെ തൊഴുത്ത്‌ ആട്ടിയിറക്കപ്പെട്ടവന്റെ വീടിന്‍റെ പ്രതീകമായി ..........സ്വന്തം വീട് വിട്ട് അന്യനാട്ടിലേക്ക് യാത്രയാകുന്ന എന്‍റെ വേദനയായി അവിടെ നിലകൊണ്ടു .
എന്‍റെ കണ്ണുകള്‍ ഉമ്മയെ തേടി ...........ഉമ്മയെ കാണുന്നില്ല .

ഒന്ന് ഉറക്കെ വിളിച്ചു നോക്കണം എന്നുണ്ടായിരുന്നു .......

ഉമ്മാ ...........ഉമ്മാ .............പക്ഷെ ............

കുടിക്കാന്‍ വെള്ളം തന്നപ്പോള്‍ ഉമ്മ പറഞ്ഞ കാര്യം ഞാനോര്‍ത്തു .

ഇറങ്ങിപ്പോകുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കരുത് ...

ഞാന്‍ മുറ്റത്തേക്കിറങ്ങി ...........

നടവഴിയിലൂടെ ഇടവഴിയിലെക്കിറങ്ങുന്ന കോണി ക്കുനേരെ നടന്നു .എന്‍റെ ഡാലിയാ ചെടിയിലെ വിടര്‍ന്ന പൂക്കള്‍ കാര്യമറിയാതെ ചിരിച്ചു തലയാട്ടി .

വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ മനസിലാക്കുന്നു .........

പശു ഇറങ്ങിപോയത് മറ്റുള്ളവര്‍ക്ക് ഭക്ഷണമാകാനും,,
ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോയത് മറ്റുള്ളവരെ തീറ്റിപ്പോറ്റാനും ആയിരുന്നു ............

ഒപ്പം അല്ലലില്ലാതെ ജീവിക്കാനും.


(ശുഭം .......നാസര്‍ ചെറുവലത്ത്)